സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഒരു ‘വലിയ ഫാൻ’ ഗേൾ. കൊച്ചിയില്‍ നെടുമ്പാശേരി സിയാല്‍ കണ്വെഷൻ സെന്ററിൽ സംഘടിപ്പിച്ച മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് എത്തിയതായിരുന്നു ഈ അമ്മ. തന്റെ ഇഷ്ട താരമായ മോഹൻലാലിനൊപ്പം ഫോട്ടോ എടുക്കാൻ സ്റ്റേജിൽ എത്തിയ ഇവർ സന്തോഷം കൊണ്ട് കരയുകയായിരുന്നു. ഇവരെ ഹൃദയത്തോട് ചേർത്ത് നിർത്തി താരം ആശ്വസിപ്പിച്ചു.
അതേസമയം ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്. അതിതാണ്, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’. മോഹൻലാൽ പറഞ്ഞു തീർത്തപ്പോഴേക്കും ആരാധകരുടെ ആവേശം നിറഞ്ഞ കയ്യടികളായി മാറി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചു പറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും തരാനാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആരും ആവശ്യപ്പെടാറില്ല. സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഒരു നടനെന്ന നിലയിൽ ഇതിൽ കൂടുതൽ എന്താണ് എനിക്ക് കിട്ടേണ്ടത്. കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
ഫാൻസ് അസോസിയേഷനോട് വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നതായിരുന്നു. പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണെന്നും താരം പറഞ്ഞു. ഈ അസോസിയേഷൻ നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹൻലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങിൽ വ്യക്തമാക്കി.