ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പതിനൊന്ന് ഓർഡിനൻസുകൾ അസാധുവായി. കാലാവധി അവസാനിച്ചവയുടെ സമയം നീട്ടാനുള്ള ഉത്തരവിൽ ഗവർണർ ഒപ്പിടാത്തതാണ് കാരണം. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും ഗവർണരെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. മന്ത്രിമാർ, പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കിയ നിയമഭേദഗതി ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകളാണ് ഇതോടെ അസാധുവായത്. ഇവയുടെ കാലാവധി നീട്ടാൻ ഉള്ള സർക്കാർ ആവശ്യം ഗവർണർ തള്ളുകയായിരുന്നു.
ചീഫ് സെക്രട്ടറി സർക്കാരിനെ പ്രതിനിധീകരിച്ചു നൽകിയ വിശദീകരണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചില്ല. ഓർഡിനൻസ് ഭരണം അംഗീകരിക്കുന്നില്ല, നിയമ നിർമാണം നിയമസഭയിലൂടെയാവണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഓർഡിനൻസ് പുറപ്പെടുവിക്കാവൂ എന്നുമാണ് ഗവർണരുടെ നിലപാട്. ഒന്നിലധികം തവണ കാലാവധി നീട്ടിയ ഓർഡിനൻസുകൾ ഉൾപ്പെടെ 11 എണ്ണം ഒരുമിച്ച് അംഗീകാരത്തിനായി നൽകിയതും ഗവർണറുടെ അതൃപ്തിക്ക് കാരണമായി. പഠിക്കാതെ ഒപ്പിടില്ലെന്ന് ഗവർണർ പരസ്യനിലപാടെടുക്കുകയും ചെയ്തു.
ഗവർണറെ മുഖ്യമന്ത്രി നേരിട്ടു കാണുമോയെന്നും കുറച്ചുദിവസം കഴിഞ്ഞശേഷം തുടർ നടപടി മതിയോ എന്നതിലുമൊക്കെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിക്കുക. സഭാ സമ്മേളനം ഉടനെ വിളിക്കണോ എന്നും സർക്കാർ തീരുമാനിക്കണം. പ്രതിപക്ഷത്തിന്റെ പിന്തുണയും ഈ വിഷയത്തിൽ ആവശ്യമാണ്. ഗവർണർ പിന്നീട് ഒപ്പിട്ടാൽ ഭേദഗതിക്ക് മുൻകാല പ്രാബല്യം കിട്ടുമെങ്കിലും താത്കാലികമായി പോലും ലോകായുക്ത ഭേദഗതി അസാധുവായത് സർക്കാരിന് തിരിച്ചടി തന്നെയാണ്. വ്യാഴാഴ്ച ഗവർണർ തിരുവനന്തപുരത്തെത്തിയ ശേഷമാകും വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുക.