അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് വിടചൊല്ലി കുവൈത്ത്. അമീറിന്റെ നിര്യാണത്തിൽ ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധിയായി മന്ത്രി ഹർദീപ് സിങ് പുരി കുവൈത്തിലെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചന സന്ദേശം പുതിയ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബയ്ക്ക് കൈമാറി. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് യത്നിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ് കുവൈത്തിന് നഷ്ടമായതെന്നും അമീറിന്റെ കാലത്ത് ഇന്ത്യ–കുവൈത്ത് ബന്ധം ശക്തമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അനുശോചിച്ചു.
സുലൈബിക്കാത്ത് കബർസ്ഥാനിൽ ഇന്നലെ രാവിലെ 10നാണ് ഔദ്യോഗിക ബഹുമതികളോടെ കബറടക്കിയത്. രാജകുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കടുത്തത്.