വിദേശ നിക്ഷേപകർക്ക് സ്പോൺസറില്ലാ വിസ നൽകാനൊരുങ്ങി യുഎഇ. യുഎഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്കാണ് 4 മാസത്തെ (120 ദിവസം) വിസിറ്റിങ് വിസ നൽകുന്നത്. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ ഉപയോഗിക്കാൻ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ് നൽകുന്ന സ്പോൺസർഷിപ്പ് ആവശ്യമില്ലാത്ത വിസയ്ക്ക് സാമ്പത്തിക ഭദ്രതയും പ്രഫഷനൽ ബിരുദവും ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. വിദേശത്തിരുന്നുകൊണ്ടും ഓൺലൈൻ വഴി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കും. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ-എൻട്രി വിസകളാണ് അനുവദിക്കുക. കുറഞ്ഞത് 6 മാസത്തെ കാലാവധിയുള്ള പാസ്പോർട്ടിന്റെ കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്.
120 ദിവസത്തെ വിസയ്ക്ക് 400 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 200 ദിർഹവും 90 ദിവസത്തെ വിസയ്ക്ക് 300 ദിർഹവുമാണ് ഫീസ്. ഇതിനുപുറമെ എല്ലാ വിസയ്ക്കും 1000 ദിർഹം വീതം കെട്ടിവയ്ക്കുകയും വേണം. ദുബായ് വിസയ്ക്ക് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്‌സിന്റെ https://gdrfed.gov.ae/ar/services/957ca221-4083-11ed-4fe5-0050569629e8 എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റ് വിസകൾക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആന്റ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം.