സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമർശിച്ച് മുതിർന്ന നേതാവ് കെഇ ഇസ്മായിൽ. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടർച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നാണ് ഇസ്മായിലിന്റെ പക്ഷം. ഇത്ര തിരക്ക് കൂട്ടി പാർട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാർട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു.
മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്.
കാനം രാജേന്ദ്രൻ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ് പേരുകളൊന്നും ഉയർന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം.