33 രാജ്യങ്ങൾക്ക് വിസയിൽ ഇളവ് അനുവദിച്ച് ഇറാൻ. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഇന്ത്യ, റഷ്യ, കുവൈറ്റ്, ലബനാൻ തുടങ്ങിയ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു.
രാജ്യത്തിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറന്ന് നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കാമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മാത്രമല്ല, മെഡിക്കൽ ടൂറിസത്തിന് പുറമേ ഇറാൻ പ്രകൃതിയാൽ ആകർഷകമായ രാജ്യങ്ങളിലൊന്നാണ് എന്നും ഈ സവിശേഷതകൾ ലോകത്തിന് ആസ്വദിക്കാൻ തങ്ങൾ അവസരം ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.