ദേശീയ ദിനാഘോഷങ്ങളുടെ ഒരുക്കത്തിലാണ് ഖത്തർ. ആഘോഷങ്ങളെ വരവേൽക്കാൻ ദോഹ വിന്റർ ഫെസ്റ്റിവൽ വേദിയും ഒരുങ്ങി കഴിഞ്ഞു. എല്ലാ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയും നടക്കുന്ന വിന്റർ ഫെസ്റ്റിവലിൽ ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ഈ ദിനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ 17, 18 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് സന്ദർശകർക്കുള്ള ദേശീയദിന പരിപാടികൾ ആരംഭിക്കുക. ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം.
വാരാന്ത്യത്തിൽ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ ദേശീയ ദിനാഘോഷ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഓൾഡ് ദോഹ പോർട്ട് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. തുറമുഖത്തെ പ്രധാന വേദികളിലായി ദിവസത്തിൽ നാലുതവണ നടക്കുന്ന ശിൽപികളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.
ഇത് കൂടാതെ, പഴക്കമുള്ള കരകൗശല വസ്തുക്കളുടെ സമ്പന്നമായ പ്രദർശനം, റോമിങ് പരേഡുകൾ എന്നിവയും വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ചും തുടർന്ന് വരുന്ന ദേശീയ ദിനാഘോഷ പരിപാടികളിലും സന്ദർശകർക്ക് ആസ്വദിക്കാം. ഫെയ്സ് പെയിന്റിങ്, സീ മാസ്കോട്ട്, ജഗ്ലിംഗ് ഷോ തുടങ്ങിയ കുട്ടികൾക്കായുള്ള നിരവധി പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ഓൾഡ് ദോഹ പോർട്ട് അറിയിച്ചു. ജനുവരി ഏഴ് വരെയാണ് ഓൾഡ് ദോഹ പോർട്ടിലെ വിന്റർ ഫെസ്റ്റിവൽ നടക്കുന്നത്.