വലിയ സുരക്ഷാ സന്നാഹങ്ങളില്ലാതെ ജനങ്ങൾക്കിടയിലൂടെ നടന്നുനീങ്ങുന്ന ഭരണാധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ യുഎഇയിലെ ഭരണാധികാരികൾ ഇങ്ങനെയാണ്. വലിയ പരിവാരങ്ങളോ സുരക്ഷാ സന്നാഹമോ ഇല്ലാതെ മാളുകളിൽ കൂടിയും സൂപ്പർമാർക്കറ്റിൽ കൂടിയും ചിലപ്പോഴൊക്കെ നടന്നുനീങ്ങും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നേരിട്ട് കണ്ട ഞെട്ടലിലാണ് ഫിലിപ്പൈൻ പ്രവാസിയായ മരിയ വെറോണിക്ക വില്ലാൽബ. ദുബായ് ഭരണാധികാരിയെ ഒരിക്കലും ഇങ്ങനെ നേരിട്ട് കാണുമെന്ന് അവർ കരുതിയതേയില്ല. ഭരണാധികാരിയെ കണ്ട ഞെട്ടലും സന്തോഷവും വില്ലാൽബ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഫോട്ടോ പങ്കുവെച്ച് അവർ ഇങ്ങനെ കുറിച്ചു. “എന്റെ ദുബായ് യാത്ര ഇപ്പോൾ പൂർത്തിയായി”, “ഞങ്ങളുടെ ബഹുമാനപ്പെട്ട ഭരണാധികാരിയെ കണ്ടുമുട്ടി” എന്നാണ് അവർ കുറിച്ചത്. എമിറേറ്റിലെ ജുമൈറ ഏരിയയിലെ മാളിൽ കൂടി നടന്നുനീങ്ങുകയായിരുന്നു അദ്ദേഹം, ഷെയ്ഖ് മുഹമ്മദിനൊപ്പം കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . സാധാരണയായി രാജകുടുംബങ്ങൾക്കും വിഐപികൾക്കും ചുറ്റും കാണുന്ന വലിയ പരിവാരങ്ങളുമില്ലായിരുന്നു. ഷെയ്ഖ് മുഹമ്മദിന്റെ ഇത്തരത്തിലുള്ള അപ്രതീക്ഷിത സന്ദർശനം ഇതാദ്യമല്ല.