ഇന്ത്യൻ ക്രിക്കറ്റിലെ ഏഴാം നമ്പർ ജേഴ്‌സി ഇനി മുതൽ ആർക്കും നൽകില്ലെന്ന് ബി.സി.സി.ഐ. എം.എസ് ധോണിയോടുള്ള ആദരസൂചകമായാണ് തീരുമാനം. ഇന്ത്യക്ക് ഐ.സി.സി കിരീടങ്ങൾ ഏറ്റവും കൂടുതൽ നേടിത്തന്ന ക്യാപ്റ്റൻ എന്നതുൾപ്പെടെയുള്ള ധോണിയുടെ ക്രിക്കറ്റിലെ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി നൽകിയത്.
ധോണി വിരമിച്ച് മൂന്ന് വർഷങ്ങൾക്കുശേഷമാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം. മുമ്പ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ 10-ാം നമ്പർ ജേഴ്‌സിയും ഇതുപോലെ മറ്റുള്ളവർക്ക് നൽകുന്നത് നിർത്തിയിരുന്നു. സച്ചിൻ തെണ്ടുൽക്കറിന് ശേഷം ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായിരിക്കുകയാണ് ഇതോടെ ധോണി. പത്താം നമ്പർ ജേഴ്‌സി ആർക്കും അനുവദിക്കാത്തതുപോലെ ഏഴാം നമ്പർ ജഴ്സിയും ഇനി മുതൽ ആർക്കും ധരിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കുകയായിരുന്നു.
ഏഴ് തൻ്റെ ഭാഗ്യനമ്പറായാണ് ധോണി വിശ്വസിച്ചിരുന്നത്. ജൂലായ് ഏഴിനാണ് ധോണിയുടെ ജന്മദിനം. മാസവും ദിവസവും ഏഴായതിനാലാണ് ഏഴാം നമ്പർ ജേഴ്‌സി തിരഞ്ഞെടുത്തതെന്ന് ധോണി മുമ്പ് വെളിപ്പെടുത്തിയിരുന്നു.