5-ാമത് അഡ്‌നോക് അബുദാബി മാരത്തൺ മത്സരം നാളെ നടക്കും. അബുദാബി സ്പോർട്‌സ് കൗൺസിലും അഡ്‌നോകും ചേർന്നാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. 23,000 പേർ പങ്കെടുക്കുന്ന കൂട്ടയോട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.03 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ്.
കോർണിഷിലെ അഡ്‌നോക് ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ക്രൗൺ പ്രിൻസ് കോർട്ട്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, അൽ ബത്തീൻ പാലസ്, ഖസർ അൽ ഹൊസൻ, വേൾഡ് ട്രേഡ് സെന്റർ തുടങ്ങി അബുദാബിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് നടത്തുന്നത്. തുടർന്ന് ബയന പബ്ലിക് പാർക്കിന് സമീപമുള്ള അഡ്‌നോക് ക്യാംപസിലാണ് മാരത്തൺ അവസാനിക്കുക. 10 കി.മീ, 5 കി.മീ, 2.5 കി.മീ എന്നീ റേസുകളുമുണ്ട് 42.195 കിലോമീറ്റർ കൂട്ടയോട്ട മത്സരത്തിൽ.
മാരത്തണിന്റെ ഭാഗമായി നഗരത്തിലെ വിവിധ റോഡുകളിൽ ഇന്ന് അർധരാത്രി മുതൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ ഗതാഗതം നിയന്ത്രിക്കും. കിങ് അബ്‌ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് അർധരാത്രി മുതൽ രാവിലെ 7.30 വരെയും കോർണിഷ് സ്ട്രീറ്റ് പുലർച്ചെ 2 മണി മുതൽ ഉച്ചയ്ക്ക് 2 വരെയും അൽ ഖലീജ് അൽ അറബ് സ്ട്രീറ്റ് പുലർച്ചെ 3 മണി മുതൽ 9 മണി വരെയും ഷെയ്‌ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റ് പുലർച്ചെ 4 മണി മുതൽ ഉച്ചവരെയും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.