എയർ ഹെൽപ്പ് റേറ്റിങ്ങിൽ മികച്ച നേട്ടവുമായി മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ എയർ ഹെൽപ്പ് ആഗോളതലത്തിൽ നടത്തിയ റേറ്റിങ്ങിലാണ് മസ്കത്ത് എയർപോർട്ടിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആഗോളതലത്തിലുള്ള എയർപോർട്ടുകളുടെയും എയർലൈനുകളുടെയും പ്രകടനം വിലയിരുത്തിയാണ് എയർഹെൽപ്പ് സ്കോർ പുറത്തിറക്കിയിരിക്കുന്നത്.
2024 ജനുവരി ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് നടത്തിയ സർവ്വേയിൽ കൃത്യനിഷ്‌ഠ, ഉപഭോക്ത്യ അഭിപ്രായം, ക്ലെയിം പ്രോസസിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് എയർലൈനുകളെ എയർ ഹെൽപ്പ് വിലയിരുത്തിയത്. ഇതിൽ കൃത്യനിഷ്ഠക്ക് 8.4, ഉപഭോക്ത്യ അഭിപ്രായം 8.7, ഷോപ്പുകൾക്ക് 8.9 എന്നിങ്ങനെയാണ് മസ്‌കത്ത് വിമാനത്താവളം നേടിയ സ്കോറുകൾ.
ആഗോളാടിസ്ഥാനത്തിൽ 194 വിമാനത്താവളങ്ങളെ അതിസൂക്ഷ്‌മമായി പരിശോധിച്ചാണ് റേറ്റിങ്ങ് പുറത്തിറക്കിയത്. 7.79 സ്കോറോടെ ഒമാൻ എയർ പട്ടികയിൽ 14-ാം സ്ഥാനത്താണ്. ആഗോളതലത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയ എയർലൈൻ ടുണിസെയർ ആണ്.