ദുബായിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിക്ക് വ്യത്യസ്തമാർന്ന രീതിയിൽ പിന്തുണ പ്രഖ്യാപിച്ച് ഒരു അച്ഛനും മകളും. കടലിൽ 70 അടി താഴ്‌ചയിൽ മുങ്ങിയാണ് ഒഡീഷ സ്വദേശികളായ അച്ഛനും മകളും ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നൽകിയത്.
ദുബായിൽ പ്രവാസിയായ മാനേജ്‌മെൻ്റ് വിദഗ്‌ധൻ പ്രിയദർശി പാണിഗ്രഹിയും 13കാരിയായ മകൾ ടിസ്യ പാണിഗ്രഹിയുമാണ് വ്യത്യസ്ഥമായ രീതിയിൽ കാലാവസ്ഥ ഉച്ചകോടിയെ പിന്തുണച്ച് ശ്രദ്ധേയരായത്. മാലിയിൽ വെച്ചായിരുന്നു അച്ഛൻ്റെയും മകളുടെയും ഈ സാഹസിക പ്രകടനം. മനോഹരമായ ഭൂമിയെയും കടലിനെയും സംരക്ഷിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം എന്ന മുദ്രാവാക്യമാണ് ഇവർ 70 അടി താഴ്ചയിലേക്ക് മുങ്ങി ലോകത്തിന് മുന്നിൽ പങ്കുവെച്ചത്.
രണ്ടുപേരും പരിശീലനം ലഭിച്ച സ്‌ക്യൂബ ഡൈവർമാരാണ്. ദുബായ് റാഫിൽ വേൾഡ് അക്കാദമിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ടിസ്യ പത്താം വയസിൽ ഒഡീഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ക്യൂബ ഡൈവറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കടലിൽ പവിഴപ്പുറ്റുകൾക്കിടയിൽ നിന്ന് ആഗോളതാപനത്തെ പ്രതിരോധിക്കാനുള്ള സന്ദേശം നൽകുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ അച്ഛനും മകളും യുഎഇ ദേശീയദിനം ആഘോഷിച്ചതും കടലിനടിയിൽ വെച്ചായിരുന്നു.