അവതാരികയായെത്തി സിനിമയിൽ ചുവടുറപ്പിച്ച താരമാണ് മീര നന്ദൻ. ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി ആരാധകരുടെ മനസിൽ ഇടം നേടിയ നടി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ കുറച്ച് കാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന മീര ദുബായിൽ ആർ.ജെ ആയി പ്രവർത്തിക്കുകയാണ്. അടുത്തിടെയായിരുന്നു താരം വിവാഹിതയാകാൻ പോകുന്ന വാർത്ത ആരാധകരെ അറിയിച്ചത്.
ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയും വൈറലാകുകയും ചെയ്തിരുന്നു. അതിന് ശേഷവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഒരുമിച്ചുള്ള യാത്രയുടെ ചിത്രങ്ങളും ലണ്ടനിൽ നിന്ന് ദുബായിലേക്ക് മീരയെ കാണാൻ ശ്രീജു എത്തിയപ്പോൾ എടുത്ത ഫോട്ടോയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അത്തരത്തിൽ മീര കഴിഞ്ഞ ദിവസം പങ്കുവെച്ച ഇരുവരുടെയും ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം.
എന്റെ സ്വന്തം, ജീവിത പങ്കാളി തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മീര ഈ ചിത്രം പോസ്റ്റ് ചെയ്തത്. ദുബായിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് മുന്നിൽ നിന്നെടുത്ത ചിത്രമാണിത്. ഇതിന് താഴെ നിമിഷനേരത്തിനുള്ളിൽ നിരവധി കമന്റുകളാണ് വന്നത്. മിക്കതും ശ്രീജുവിനെ ബോഡി ഷെയ്മിങ് നടത്തുന്ന രീതിയിലുള്ളതായിരുന്നു. വിവിധ തരത്തിലുള്ള പരിഹാസപ്പേരുകളാണ് കമന്റുകളിൽ കാണാനാകുന്നത്. പണം നോക്കിയാണോ വിവാഹം കഴിക്കുന്നതെന്നതുൾപ്പെടെയുള്ള കമന്റുകളും ഇവയിലുൾപ്പെടും. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾക്ക് താഴെയും ഇത്തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.