കാനം രാജേന്ദ്രന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മകൻ സന്ദീപാണ് ചിതയ്ക്ക് തീകൊളുത്തിയത്. കോട്ടയം വാഴൂര്‍ കാനത്തെ വീട്ടില്‍ ഭൗതികദേഹം എത്തിച്ചത് പുലര്‍ച്ചെയായിരുന്നു.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൌതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ഇവിടേക്ക് ഒഴുകിയെത്തിയത്. സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ വീട്ടിൽ തന്നെ അനുശോചന യോഗവും നടന്നു