വയനാട് വീണ്ടും കടുവയുടെ ആക്രമണം. മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണം മൂലം പ്രജീഷ്(36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പശുവിന് പുല്ലുവെട്ടാൻ പോയപ്പോഴാണ് പ്രജീഷ് അപ്രതീക്ഷിതമായി കടുവയുടെ മുന്നിൽ അകപ്പെട്ടത്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതതിനെതുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴായിരുന്നു പ്രജീഷിനെ ജീവനില്ലാത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു.
വനാതിര്‍ത്തി മേഖലയായ മൂടക്കൊല്ലിയിൽ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. രണ്ടുമാസം മുൻപ് സമാനമായ രീതിയിൽ തോട്ടം തൊഴിലാളികള്‍ക്കുനേരെയും കടുവ ആക്രമണംനടത്തിയിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാത്രമല്ല,ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തില്‍ ഒരാൾ കൂടി കൊല്ലപ്പെടുന്നത്.