മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള യാത്രയെയും നവകേരള സദസിനെയും വിമർശിച്ച് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ കലാപാഹ്വാനത്തിനാണ് തൃത്താല പൊലീസ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നവകേരള യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ‘ആലിബാബയും 41 കള്ളൻമാരും’ എന്ന തലക്കെട്ടിൽ യാത്രയെ വിമർശിച്ച് ചിത്രവും കുറിപ്പും പങ്കുവെച്ചത്. ‘നവകേരള സദസിൽ വൻ ജനക്കൂട്ടം: മുഖ്യമന്ത്രി – പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം’ എന്നും ഫാറൂഖ് കുറിച്ചിരുന്നു. ഈ പോസ്‌റ്റ് ഫെയ്സ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കൾ പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂർവം കള്ളന്മാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
പരാതി ലഭിച്ചതിന് പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഫാറൂഖും യൂത്ത് കോൺഗ്രസും വ്യക്‌തമാക്കി. ഫാറൂഖിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതായും വിമർശനമുണ്ട്. തുടർന്ന് ഫോൺ കോടതിയിൽ ഹാജരാക്കാമെന്ന് ഫാറൂഖ് നിലപാട് സ്വീകരിച്ചതായാണ് വിവരം.