കാല്പന്ത് കളിയുടെ ആവേശപ്പോരാട്ടത്തിന് തുടക്കമെന്നോണം ചാമ്പ്യൻസ് ട്രോഫി ആരാധകർക്കിടയിലേക്ക്. കളിയുത്സവത്തിന് കിക്കോഫ് വിസിൽ മുഴങ്ങാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായുള്ള ട്രോഫി ടൂറിന് തുടക്കം കുറിച്ചു. ആദ്യ ദിനമായ തിങ്കളാഴ്ച ലുസൈലിലെ പ്ലെസ് വെൻഡോം മാളിലായിരുന്നു ആരാധകർക്ക് കാണാനും ചിത്രം പകർത്താനുമായി ഏഷ്യൻ കപ്പിന്റെ വെള്ളി നിറത്തിലെ ട്രോഫിയെത്തിയത്. ട്രോഫിയ്ക്കൊപ്പം ടൂർണമെന്റ് ഭാഗ്യചിഹ്നമായ സബൂഖ്, തംബ്കി, ഫ്രിഹ, സിക്രിതി, ത്രെൻഹ എന്നിവരുടെ അഞ്ചംഗ കുടുംബവുമുണ്ടായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ രാത്രി എട്ടു വരെ ആരാധകർക്കായി പ്രദർശിപ്പിച്ച ട്രോഫി ശനിയാഴ്ച മാൾ ഓഫ് ഖത്തറിലെ ആരാധകരെ തേടിയെത്തും. നാല് മുതൽ രാത്രി എട്ട് മണി വരെയാണ് പ്രദർശനം. മാത്രമല്ല, ആദ്യ രണ്ടു ദിനങ്ങളിലെ പ്രദർശനങ്ങളുടെ തുടർച്ചയായി വരും ദിനങ്ങളിലും ഖത്തറിന്റെ വിവിധ മേഖലകളിലായി ട്രോഫി ടൂർ തുടരുമെന്ന് പ്രദേശിക സംഘാടകർ അറിയിച്ചു. എ.എഫ്.സി ഏഷ്യൻ കപ്പ് സമൂഹ മാധ്യമ പേജ് വഴി ടൂർ വിവരങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുകയും ചെയ്യും.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഫുട്ബാൾ മേളയുടെ അവസാനഘട്ട ഒരുക്കത്തിലാണ് ഖത്തർ. കഴിഞ്ഞയാഴ്ചയായിരുന്നു ടൂർണമെന്റിന്റെ ഭാഗ്യചിഹ്നങ്ങൾ പ്രഖ്യാപിച്ചത്. 2011 ഏഷ്യൻ കപ്പിൽ ഭാഗ്യതാരമായി നിറഞ്ഞുനിന്ന സബൂഖ് കുടുംബം കൂടുതൽ പുതുമയോടെ ഇത്തവണയുമെത്തി. മിഷൈരിബിൽ നടന്ന ഭാഗ്യമുദ്ര പ്രകാശന ചടങ്ങിലും ചാമ്പ്യൻസ് ട്രോഫി പ്രദർശനവും വിവിധ ഫുട്ബാൾ ഫൺ ഗെയിമുകളും അരങ്ങേറിയിരുന്നു.