ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങളുടെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സൗദി ഫുട്ബോൾ ഫെഡറേഷൻ. ഡിസംബർ 12 മുതൽ 22 വരെ ജിദ്ദയിലാണ് മത്സരങ്ങൾ നടക്കുക. ഇതുവരെ 100ലധികം രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തിലേറെ പേർ ടിക്കറ്റുകൾ സ്വന്തമാക്കിയതായി അധികൃതർ അറിയിച്ചു.
സൗദി അറേബ്യ, ഈജിപ്ത്, ബ്രസീൽ, ഇന്ത്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവുമധികം ടിക്കറ്റുകൾ വാങ്ങിയത്. ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് മത്സരങ്ങൾ നടക്കുക. സൗദി ലീഗ് ചാമ്പ്യന്മാരായ ജിദ്ദയിലെ ഇത്തിഹാദ് ക്ലബ്ബും, ബ്രിട്ടനിലെ മാഞ്ചസ്റ്റർ സിറ്റിയും ഉൾപ്പെടെ ഏഴ് ക്ലബ്ബുകളാണ് ഇത്തവണ ഏറ്റുമുട്ടുക.
ഡിസംബർ 18, 19 തിയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. തുടർന്ന് ഡിസംബർ 22-ന് രാത്രി 9 മണിക്കാണ് ഫൈനൽ പോരാട്ടം. നിലവിലെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ക്ലബ്ബ് ലോകകപ്പ് മത്സരമാണിത്. 32 ടീമുകളുടെ പങ്കാളിത്തത്തോടെ 2025-ൽ അമേരിക്കയിലാണ് പുതിയ ഫോർമാറ്റിലെ അടുത്ത മത്സരം നടക്കുക.