സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യ മേഖലയില്‍ 1,72,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി അടുത്ത വര്‍ഷവും സൗദിവത്കരണം നടപ്പാക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി വ്യക്തമാക്കി. റിയാദില്‍ ബജറ്റ് ഫോറത്തോടനുബന്ധിച്ച് നടന്ന സെഷനില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സംഘടനകളുടെ എണ്ണം 30 ശതമാനം വര്‍ധിപ്പിച്ച് 5,000 ആയി ഉയര്‍ത്താനും സഹകരണ സൊസൈറ്റികളുടെ എണ്ണം 467 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണം ശക്തമാക്കിയതോടെ സ്വകാര്യ മേഖലയില്‍ സൗദിയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 17 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി ഉയര്‍ന്നു. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 17 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. ഇത് 40 ശതമാനമായി ഉയര്‍ത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
2030-ഓടെ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം 30 ശതമാനമായി ഉയര്‍ത്താനായിരുന്നു മന്ത്രാലയം മുമ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ എട്ട് വര്‍ഷം മുമ്പ്തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. രണ്ടാംഘട്ട സൗദിവത്കരണത്തില്‍ ആറ് സുപ്രധാന മേഖലകളാണ് ഉള്‍പ്പെടുത്തുക. സൗദിവത്കരണ നിയമങ്ങള്‍ 98 ശതമാനം സ്ഥാപനങ്ങളും പാലിച്ചിട്ടുണ്ടെന്നും കൂടാതെ 92 ശതമാനം കമ്പനികൾ മറ്റ് തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും നടപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.