മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി എസ്. ശ്രീശാന്ത്. ഗംഭീർ എപ്പോഴും പ്രശ്നമുണ്ടാക്കും, സീനിയേഴ്സിനെ ബഹുമാനിക്കില്ലെന്നാണ് ശ്രീശാന്ത് ആരോപിച്ചത്. ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെ മത്സരത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ശ്രീശാന്ത് ഗൗതം ഗംഭീറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
മത്സരത്തിനിടെ ഗുജറാത്ത് ജയന്റ്സ് താരം ശ്രീശാന്ത് ഇന്ത്യ ക്യാപിറ്റൽസിൻ്റെ താരമായ ഗംഭീറിനെ തുറിച്ചുനോക്കിയിരുന്നു. ശ്രീശാന്തിൻ്റെ പന്തിൽ ഗംഭീർ തുടർച്ചയായി സിക്സും ഫോറും അടിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ രൂക്ഷമായ നോട്ടം. തുടർന്ന് ഇരുതാരങ്ങളും ഗ്രൗണ്ടിൽ വെച്ച് തർക്കിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗൗതം ഗംഭീർ തന്നെ ഒത്തുകളി നടത്തിയവനെന്ന് വിളിച്ചതായും ശ്രീശാന്ത് ആരോപിച്ചു. ഗ്രൗണ്ടിൽവെച്ചു തർക്കമുണ്ടായപ്പോഴാണ് ഗംഭീർ മോശം ഭാഷയിൽ സംസാരിച്ചതെന്ന് ശ്രീശാന്ത് ഇൻസ്‌റ്റഗ്രാം വീഡിയോയിൽ പ്രതികരിച്ചു.
‘മിസ്‌റ്റർ ഫൈറ്ററുമായി സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്‌തത വരുത്തേണ്ടതുണ്ട്. എപ്പോഴും സഹതാരങ്ങളുമായി പോരടിച്ചുകൊണ്ടിരിക്കും. കാരണമില്ലെങ്കിലും അങ്ങനെ തന്നെയാണ്. വീരു ഭായ് (സേവാഗ്) ഉൾപ്പെടെയുള്ള തൻ്റെ സീനിയർ താരങ്ങളെ ബഹുമാനിക്കുക പോലുമില്ല. അതാണ് ഇന്നും സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെ ഗംഭീർ പറയരുത്താത്ത പല കാര്യങ്ങളും പറഞ്ഞു’ എന്നും ശ്രീശാന്ത് ആരോപിച്ചു.
‘മിസ്‌റ്റർ ഗൗതി എന്താണ് ചെയ്‌തതെന്ന് ഉടനെ നിങ്ങളെല്ലാം അറിയും. ഗ്രൗണ്ടിൽ വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഉപയോഗിച്ച ഭാഷയും അസ്വീകാര്യമാണ്. സഹതാരങ്ങളെ ബഹുമാനിക്കുക പോലും ചെയ്യുന്നില്ലെങ്കിൽ ജനത്തെ പ്രതിനിധീകരിക്കുന്നതിൽ എന്ത് കാര്യമാണുള്ളത്?. ബ്രോഡ്‌കാസ്‌റ്റിങ്ങിനിടെ വിരാട് കോലിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നും മിണ്ടിയില്ല. മറ്റെന്തോ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ഗംഭീറിന്റെ വാക്കുകളിൽ എനിക്കും എൻ്റെ പ്രിയപ്പെട്ടവർക്കും വളരെയേറെ വേദനയുണ്ടായി. ഞാൻ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. എപ്പോഴത്തേയും പോലെ അദ്ദേഹം പ്രതികരിക്കുകയായിരുന്നു’ എന്നും ശ്രീശാന്ത് വീഡിയോയിൽ വ്യക്തമാക്കി.