28ആമത് ഐഎഫ്എഫ്കെയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.iffk.in ലോഗിൻ ചെയ്യുകയോ പ്ലേ സ്റ്റോറിൽ നിന്ന് IFFK ആപ്പ് ഡൗൺ ലോഡ് ചെയ്ത് അത് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ് ചെയ്യാവുന്നതാണ്.
എല്ലാ തിയറ്ററുകളിലും 70 ശതമാനം സീറ്റുകളിലാണ് റിസർവേഷൻ അനുവദിക്കുന്നത്. 30 ശതമാനം സീറ്റുകൾ അൺ റിസർവ്ഡ് കാറ്റഗറിയിൽ ഉൾപ്പെട്ടവർക്കായി മാറ്റിവച്ചവയാണ്. മാത്രമല്ല, തിയറ്ററുകളുടെ സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
24 മണിക്കൂർ മുൻപേ ചിത്രങ്ങൾ ബുക്ക് ചെയ്തിരിക്കണം. രാവിലെ എട്ട് മണി മുതൽ 70 ശതമാനം സീറ്റുകൾ പൂർണമാകുന്നതുവരെയാണ് റിസർവേഷൻ അനുവദിക്കുക. രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സിനിമയുടെ കോഡും ഉപയോഗിച്ചാണ് സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്. നിശാഗന്ധി ഓപ്പൺ തിയറ്ററിൽ ഒഴികെ എല്ലാ തിയറ്ററുകളിലും റിസർവേഷൻ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്ന് ചിത്രങ്ങൾ വരെ ബുക്ക് ചെയ്യാം.