ദുബായിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിൻ്റെ ലേബർ മാർക്കറ്റ് അവാർഡ്. ഒരു ലക്ഷം ദിർഹത്തിന്റെ (22 ലക്ഷം രൂപയിലധികം) പുരസ്കാരത്തിനാണ് ദുബായ് സിഎംസി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ പ്രമീള അർഹയായത്. അബുദാബിയിൽ നടന്ന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ടിലെ പ്രത്യേക ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാനിൽ നിന്ന് പ്രമീള അവാർഡ് ഏറ്റുവാങ്ങി.
ഒരു ലക്ഷം ദിർഹത്തോടൊപ്പം സ്വർണ നാണയം, സർട്ടിഫിക്കറ്റ്, മൊമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയും ഉൾപ്പെട്ടതാണ് പുരസ്കാരം. ജോലിയിലുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഊർജസ്വലതയുമൊക്കെ പരിഗണിച്ചാണ് പ്രമീളയെ അവാർഡിന് തെരഞ്ഞെടുത്തത്. പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള 13 വർഷമായി ദുബായിൽ ജോലി ചെയ്തുവരികയാണ്. പ്രമീളയ്ക്ക് ഇതിന് മുമ്പ് അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിന്റെ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സിഎംസിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
2019-ൽ അബുദാബിയിൽ നഴ്സായിരുന്ന സഹോദരൻ അയച്ചുകൊടുത്ത സന്ദർശക വിസയിലാണ് പ്രമീള ജോലി തേടി യുഎഇയിലെത്തിയത്. ഭർത്താവ് നേരത്തെ മരിച്ചുപോയ പ്രമീള രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുമാണ് കടൽ കടന്നത്. സത്യസന്ധതയും കഠിനാധ്വാനം ചെയ്യാനുള്ള മനസും പ്രമീളയ്ക്ക് യുഎഇയിൽ സമ്മാനിച്ചത് നേട്ടങ്ങൾ മാത്രമാണ്.