ഇനി മുതൽ പേരിന് മുന്നിലും പിന്നിലും വിശേഷണങ്ങൾ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ഒരു ചെറിയ പാർട്ടി പ്രവർത്തകൻ മാത്രമാണെന്നും മോദി പറഞ്ഞു. പേരിന് മുൻപ് ‘ശ്രീ’, ‘അദാരണീയ’, എന്നിങ്ങനെയും പേരിന് ശേഷം ‘ജി’ എന്നിങ്ങനെയുമുള്ള വിശേഷണങ്ങൾ ചേർക്കരുതെന്നും പ്രവർത്തകർക്ക് മോദി നിർദേശം നൽകി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ഒരു ചെറിയ പ്രവർത്തകൻ മാത്രമാണ്. ആളുകളെ അവരുടെ കുടുംബത്തിന്റെ ഭാഗമായാണ് എന്നെ കാണുന്നത്. ഞാൻ അവരുടെ മോദിയാണ്. എന്റെ പേരിന് മുൻപ് ‘ശ്രീ’, ‘അദാരണീയ’, എന്നോ പേരിന് ശേഷം ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചേർക്കരുത്”- ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയ പാർട്ടിയുടെ ടീം വർക്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ പാർട്ടി നേടിയത് മികച്ച വിജയമാണ്. മാത്രമല്ല മിസോറാമിലും തെലങ്കാനയിലും പാർട്ടി ശക്തിപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ‘അധികാരത്തിലിരിക്കെ നടന്ന 39 തെരഞ്ഞെടുപ്പിൽ ബിജെപി 22 തവണ വിജയിച്ചിട്ടുണ്ട്. വിജയശതമാനം 56 ശതമാനം. കോൺഗ്രസ് 40 തവണ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും ഏഴ് തവണ(18 ശതമാനം) മാത്രമാണ് അവർ വിജയിച്ചത്’ എന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.