സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിൽ സ്വീപ്പറായി ജോലി തുടങ്ങിയ പ്രതീക്ഷ ടോണ്ട്വാൾക്കർ, 37 വർഷങ്ങൾക്കിപ്പുറം അതേ ബാങ്കിലെ അസിസ്റ്റന്റ് ജനറൽ മാനേജറായി വിരമിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് പ്രതീക്ഷയെത്തിയ വഴികൾ മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ്.
1961 ലാണ് പൂനെയിലെ ഒരു നിർധന കുടുംബത്തിൽ പ്രതീക്ഷ ജനിച്ചത്. 16-ആമത്തെ വയസ്സിൽ വിവാഹം കഴിക്കേണ്ടി വരികയും പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നു. ഒരു വർഷത്തിന് ശേഷം ഒരു മകൻ ജനിക്കുകയും തന്റെ ഗ്രാമത്തിലേക്കുള്ള യാത്രാമദ്ധ്യേ ഉണ്ടായ അപകടത്തിൽ ഭർത്താവിനെ പ്രതീക്ഷയ്ക്ക് നഷ്ട്ടപ്പെടുകയും ചെയ്തു. മുംബൈയിലെ എസ് ബി ഐ ബാങ്കിൽ ബുക്ക് ബൈൻഡർ ആയി ജോലി നോക്കുകയായിരുന്നു പ്രതീക്ഷയുടെ ഭർത്താവ് സദാശിവ് കാഡു. അങ്ങനെ ഇരുപതാമത്തെ വയസ്സിൽ പ്രതീക്ഷയും മകനും ജീവിക്കാനുള്ള പോരാട്ടം തുടങ്ങി.
തനിക്കും കുഞ്ഞിനും ജീവിക്കാൻ ഒരു ജോലി വേണമെന്ന് ബാങ്കുകാരോട് ആവശ്യപ്പെട്ടപ്പോൾ തൂപ്പുകാരിയായി ജോലി നൽകി. മാസം 65 രൂപയാണ് പ്രതീക്ഷയ്ക്ക് ലഭിച്ചിരുന്ന ശമ്പളം. മറ്റ് പല ജോലികളും ചെയ്ത് മകനെയും നോക്കി അവർ ജീവിക്കാൻ തുടങ്ങി. നല്ലൊരു ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം മുന്നോട്ട് പോകില്ലെന്ന് കണ്ടപ്പോഴാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ 10 ആം ക്ലാസ്സ് പൂർത്തിയാക്കി. പിന്നീടങ്ങോട്ട് ‘പ്രതീക്ഷ’യുടെ കാലമായിരുന്നു.
പ്ലസ്ടു വിന് മുബൈയിലെ തന്നെ വിക്രോളിലെ മറ്റൊരു നൈറ്റ് കോളേജിൽ ചേർന്നു. ബാങ്കിംഗ് പരീക്ഷ എഴുതണമെങ്കിൽ പ്ലസ്ടു വിദ്യാഭ്യാസം വേണമായിരുന്നു. പിന്നീട് 1995 ൽ മറ്റൊരു നൈറ്റ് കോളേജിൽ നിന്ന് സൈക്കോളജിയിൽ മേജറും നേടി. ബാങ്കിംഗ് പരീക്ഷയെഴുതാൻ തന്നെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രമോദ് ടോണ്ട് വാൾക്കറെ തന്റെ ജീവിതത്തിലേക്കും കൂട്ടി.
2004 ൽ ബാങ്കിലെ ട്രെയിനി ഓഫിസറായി പുതിയ ജീവിതവും ആരംഭിച്ചു. പിന്നീടങ്ങോട്ട് നീണ്ട 18 വർഷം വിവിധ പോസ്റ്റുകളിലൂടെ ജോലിയിൽ ഉയർച്ചയുമുണ്ടായി. ജൂണിലാണ് എസ് ബി ഐയുടെ അസിസ്റ്റന്റ് ജനറൽ മാനേജറായി നിയമിതയായത്. ഇപ്പോൾ ജോലിയിൽ നിന്നും വിരമിക്കാനിരിക്കുകയാണ്. ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കഠിന പ്രയത്നത്തിലൂടെ മറികടന്നതാണ് പ്രതീക്ഷയുടെ പ്രതീക്ഷകളെ വിജയതീരത്ത് എത്തിച്ചത്.