ലൈസൻസ് ഇല്ലാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ഒമാൻ. ലൈസൻസ് ഇല്ലാതെ മാർക്കറ്റിംഗ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ് വ്യക്തമാക്കിയത്.
രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും പ്രചാരണ പരിപാടികളും നടത്തുന്നതിന് പ്രത്യേക ലൈസൻസ് നിർബന്ധമാണ്. എന്നാൽ ചില മാർക്കറ്റിംഗ് സ്ഥാപനങ്ങളും വ്യക്തികളും ഈ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. ഇത്തരത്തിൽ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നവർ നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും നിയമം ലംഘിച്ചാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.