സൗദി അറേബ്യയുടെ സ്വദേശിവൽക്കരണ പ്രവർത്തനങ്ങൾക്ക് സുപ്രധാന നാഴികക്കല്ലായി നാലാമത്തെ പ്രതിരോധ കപ്പലായ ‘ജലാലത്ത് അൽമാലിക് ജസാൻ’ നീറ്റിലിറക്കി. ജിദ്ദ ഗവർണറേറ്റിലെ വെസ്റ്റേൺ ഫ്ലീറ്റിലെ കിംഗ് ഫൈസൽ നേവൽ ബേസിൽ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഔദ്യോഗിക ചടങ്ങുകൾ നിർവഹിച്ചു.
തദ്ദേശീയ പ്രതിരോധ കപ്പലുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘സരാവത്’ പദ്ധതിക്ക് കീഴിൽ നിർമിക്കുന്ന നാലാമത്തെ കപ്പലാണ് ‘ജലാലത്ത് അൽമാലിക് ജസാൻ’. പ്രതിരോധ ഉപകരണ നിർമാണ വ്യവസായം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഔദ്യോഗിക ലോഞ്ച്.
‘ഹസം’ എന്ന പേരിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ യുദ്ധ പരിപാലന സംവിധാനവും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. നാവികസേനയിൽ ഔദ്യോഗികമായി ചേരുന്നതിന്റെ അടയാളമായി പ്രതിരോധ മന്ത്രി പുതിയ കപ്പലിൽ സൗദി ദേശീയ പതാക ഉയർത്തി.