തന്റെ ആദ്യ ചിത്രത്തിന്റെ പ്രീമിയറിന് അമ്മ ശ്രീദേവിയുടെ ഗൗണും ആഭരണങ്ങളും ധരിച്ചെത്തി മകൾ ഖുഷി കപൂർ. ‘ദ് ആർച്ചീസ്’ എന്ന ചിത്രത്തിന്റെ സ്പെഷ്യൽ പ്രീമിയറിനാണ് അമ്മയുടെ അതേ വസ്ത്രം ധരിച്ച് ഖുഷി എത്തിയത്. ‘അമ്മയുടെ ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
2013-ൽ ഐഐഎഫ്എ റെഡ് കാർപ്പറ്റിൽ ശ്രീദേവി ധരിച്ച ഗോൾഡൻ ഗൗണാണ് ഖുഷി തന്റെ ആദ്യചിത്രത്തിന്റെ പ്രീമിയറിനായി തിരഞ്ഞെടുത്തത്. ഗൗണിനൊപ്പം അമ്മയുടെ ഡയമണ്ട് നെക്ലെസും ഖുഷി അണിഞ്ഞിരുന്നു. 2011-ലെ ഐഐഎഫ്എ അവാർഡിൽ ശ്രീദേവി ധരിച്ചിരുന്ന ഡയമണ്ട് നെക്ലെസായിരുന്നു അത്.
ആർച്ചീസിലൂടെ ഖുഷിക്കൊപ്പം ഷാരുഖ് ഖാൻ്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചൻ്റെ ചെറുമകൻ അഗസ്ത്യ നന്ദ തുടങ്ങിയവരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ബോളിവുഡിലെ വലിയ താരനിര തന്നെയാണ് സിനിമയുടെ പ്രീമിയറിന് എത്തിയിരുന്നത്. ഖുഷിക്ക് ആശംസ അറിയിച്ച് അച്ഛൻ ബോണി കപൂർ സഹോദരി ജാൻവി കപൂർ ബന്ധുക്കളായ അൻഷുല കപൂർ, അർജുൻ കപൂർ എന്നിവരും സ്ക്രീനിങ് കാണാൻ എത്തിയിരുന്നു.
സോയ അക്തർ സംവിധാനം ചെയ്യുന്ന ദ് ആർച്ചീസ്, ആർച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ ഏഴിന് ചിത്രം സ്ട്രീം ചെയ്യും.