ഐഎഫ്എഫ്കെ യുടെ ആദ്യ ഡെലിഗേറ്റ് പാസ്സ് നടി വിൻസി അലോഷ്യസ് ഏറ്റുവാങ്ങി. ഒരു പുരസ്കാരം ഏറ്റുവാങ്ങുന്ന അനുഭൂതിയാണ് ആദ്യ ഡെലിഗേറ്റ് പാസ്സ് കിട്ടിയപ്പോൾ ഉണ്ടായതെന്ന് നടി പറഞ്ഞു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ ശ്യാമ പ്രസാദാണ് ആദ്യ പാസ് വിൻസിയ്ക്ക് നൽകിയത്.
അതേസമയം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെലിഗേറ്റുൾ പൂർണ തൃപ്തിയോടെ ഒരുമയോടെ പ്രവർത്തിക്കുന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നേറ്റത്തിന് കാരണമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഐഎഫ്എഫ്കെ യെ ഏറ്റവും മികച്ച മേളയാക്കാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്. യുദ്ധത്തിനെതിരായ കേരളത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ ചലച്ചിത്ര മേളയെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ക്യുറേറ്റർ ഗോൾഡ സെല്ലാം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.