ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നത് തുടർന്ന് കുവൈറ്റ്. ചൊവ്വാഴ്ച 40 ടൺ മാനുഷിക സഹായവുമായി കുവൈറ്റ് വിമാനം ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിൽ എത്തി. രോഗികളുടെയും പരിക്കേറ്റവരുടെയും സഹായത്തിനായി രണ്ട് ആംബുലൻസുകളും ഒരു മൊബൈൽ ക്ലിനിക്കും ഇതിൽ ഉൾപ്പെടും.
ആരോഗ്യ മന്ത്രാലയത്തിന്റെയും നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെയും (എൻ.ബി.കെ)സഹകരണത്തോടെയാണ് ഈ സഹായങ്ങൾ അയച്ചത്. ആംബുലൻസുകളും മൊബൈൽ ക്ലിനിക്കുകളും ഗസ്സയിലെ ജനങ്ങൾക്ക് മതിയായ മെഡിക്കൽ സേവനം ഉറപ്പ് വരുത്തും. മാത്രമല്ല, ഗസ്സയിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ മാനുഷിക സംഘടനകളിൽ നിന്ന് അടിയന്തര സഹായവും ആശ്വാസവും ആവശ്യമാണെന്നും കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
കെ.ആർ.സി.എസ് ഇതിനകം നിരവധി സഹായങ്ങൾ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇനിയും സഹായം നൽകുന്നത് തുടരുമെന്നും അൽ ഹസാവി പറഞ്ഞു. കൂടാതെ സഹായം എത്തിക്കുന്നതിനായി വിമാനങ്ങൾ നൽകിയതിന് പ്രതിരോധ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്ന കുവൈറ്റ് നേതൃത്വത്തെയും വ്യക്തികളെയും ജനങ്ങളെയും അൽ ഹസാവി പ്രശംസിച്ചു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിന് (റിലീഫ് ഫലസ്തീൻ) സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ അദ്ദേഹം ജനങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.