നടൻ ഇന്ദ്രൻസ് പത്താം ക്ലാസിൽ ചേർന്ന് പഠിക്കാൻ തീരുമാനിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ദ്രൻസിന്റെ പത്താം ക്ലാസ് തുല്യതാപഠനത്തിന് ഒരു കുരുക്ക് വീണിരിക്കുകയാണ്. ഏഴാം ക്ലാസ് ജയിച്ചാൽ മാത്രമേ പത്തിൽ പഠിക്കാൻ സാധിക്കൂ എന്ന സാക്ഷരതാമിഷന്റെ നിയമമാണ് ഇന്ദ്രൻസിന് വിനയായത്.
നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമ്മയെന്നാണ് ഇന്ദ്രൻസ് പറഞ്ഞിരുന്നതെങ്കിലും ഏഴ് വരെ പോയിട്ടുണ്ടെന്നാണ് ഇന്ദ്രൻസിന്റെ സഹപാഠികളിൽ നിന്നും ലഭിച്ച വിവരമെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന വ്യക്തമാക്കിയിരുന്നു. എന്നാൽ ഏഴാം ക്ലാസ് ജയിച്ചതിന്റെ തെളിവ് ഇല്ലാത്തതാണ് തുടർ പഠനത്തിന് ഇപ്പോൾ തടസമാകുന്നത്. യു.പി ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ അക്ഷരശ്രീ പ്രകാരം ഇന്ദ്രൻസിന് പത്താം ക്ലാസിൽ ചേർക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. ഇന്ദ്രൻസിന്റെ യു.പി പഠനത്തിന്റെ കൂടുതൽ രേഖകൾ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.
ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ പലയിടത്തും പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു. ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചത്. പിന്നീട് ജീവിക്കാനായി വിവിധ ജോലികളിലും ഏർപ്പെട്ടു. പിന്നീടാണ് താരം സിനിമയിലേയ്ക്ക് എത്തുന്നത്.