കോപ് 28 കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നവർക്കായി പ്രതിദിനം 1,200 സർവീസുകൾ നടത്തി ദുബായ് മെട്രോ. ദുബായ് എക്‌സ്‌പോ സെൻ്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം എത്തിക്കുന്നതിനാണ് അധികൃതർ സേവനങ്ങൾ വർധിപ്പിച്ചത്. നവംബർ 30 മുതൽ 12 വരെയുള്ള ഉച്ചകോടി ദിനങ്ങളിൽ മാത്രം 15,600 സർവീസുകളാണ് ദുബായ് മെട്രോ നടത്തുക.
കാലാവസ്ഥ ഉച്ചകോടിക്കായുള്ള പ്രത്യേക ട്രെയിൻ സർവീസുകൾ പുലർച്ചെ 5 മണിക്ക് ആരംഭിച്ച് രാത്രി ഒരു മണിക്കാണ് അവസാനിക്കുക. എക്സ്പോ 2020 സ്റ്റേഷനിൽ നിന്ന് സെൻ്റർപോയൻ്റ് സ്‌റ്റേഷനിലേക്കുള്ള അവസാന ട്രെയിൻ രാത്രി 12 മണിക്കാണ്. ഒരു ട്രെയിനിൽ 643 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കും. മെട്രോയ്ക്ക് പുറമെ ഇലക്ട്രിക് ബസുകളിലും പ്രകൃതി സൗഹൃദ ടാക്‌സി വാഹനങ്ങളും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്.
ഉച്ചകോടി പ്രതിനിധികൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്നതിനായി നോൾ കാർഡും പുറത്തിറക്കിയിരുന്നു. ഉച്ചകോടി അവസാനിക്കുന്നത് വരെ ജനങ്ങൾക്ക് ഇത് ഉപയോഗിക്കാനും സാധിക്കും. കൂടാതെ ജനങ്ങൾക്ക് അതിവേഗം സമ്മേളന നഗരിയിലേയ്ക്ക് എത്തുന്നതിനായി സുഹൈൽ എന്ന മൊബൈൽ ആപ്പും ദുബായ് റോഡ്‌സ് ആൻ്റ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തിറക്കിയിരുന്നു.