റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ബുധനാഴ്ച യുഎഇയും സൗദി അറേബ്യയും സന്ദർശിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ഉക്രൈന് അധിനിവേശത്തിന് ശേഷം പുടിന് നടത്തുന്ന ശ്രദ്ധേയമായ വിദേശ യാത്രയാണ് ഇത്.
ഊർജ-കയറ്റുമതി വരുമാനത്തെ ആശ്രയിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ പുടിന്റെ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. സൗദി അറേബ്യ, യുഎഇ, റഷ്യ എന്നിവയെല്ലാം ഒപെക്കിലെ അംഗങ്ങളാണ്. ക്രൂഡ് ഓയില്‍ വില കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കൾ തമ്മിലുള്ള ചർച്ചകൾ പുടിനെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ്.
ഉക്രൈന് അധിനിവേശത്തിന് ശേഷം ചൈനയും പഴയ സോവിയറ്റ് യൂണിയന് രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങള്‍ കാരണം അപൂർവ്വമായി മാത്രമാണ് പുടിന് വിദേശ യാത്ര നടത്തുന്നത്. യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ മാർച്ചിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതാണ് അദ്ദേഹത്തിന്റെ രാജ്യത്തിന് പുറത്തുള്ള യാത്രയെ കൂടുതൽ സങ്കീർണ്ണമാക്കി മാറ്റിയത്. യുഎഇ ആതിഥേയത്വം വഹിക്കുന്ന COP28 യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമോ എന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടില്ല.