കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വീസ നിയമങ്ങൾ കർശനമാക്കി ബ്രിട്ടൺ. ഇതിനായി അഞ്ചിന പദ്ധതിയാണ് തിങ്കളാഴ്ച സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോറി എംപിമാരുടെ സമ്മർദ്ദത്തെത്തുടർന്ന് പ്രധാനമന്ത്രി ഋഷി സുനക് കുടിയേറ്റ തോത് ഗണ്യമായി കുറയ്ക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിച്ചു.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നടക്കം കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി ആശ്രിത വീസ ലഭിക്കില്ല. വിദേശികൾക്ക് കുടുംബ വീസ ലഭിക്കാനുള്ള ശമ്പള പരിധിയും ഉയർത്തി. “കുടിയേറ്റം വളരെ കൂടുതലാണ്. യുകെ ഗവൺമെന്റ് ഇത് നിയന്ത്രിക്കാൻ സമൂലമായ നടപടിയെടുക്കുകയാണ്. ഈ നടപടികൾ യുകെക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പാക്കും. ചരിത്രത്തിൽ ഇതിന് മുമ്പ് ഒരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല”. ഋഷി സുനക് എക്സിൽ വ്യക്തമാക്കി. പദ്ധതി 2024 തുടക്കത്തിൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
കെയറർ ജോലിക്കെത്തുന്നവർക്ക് ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിത വിസയിൽ യുകെയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി വർദ്ധിപ്പിച്ചു. ഫാമിലി വിസ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയത്. ഇന്ത്യക്കാരെയും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെയും ബാധിക്കുന്ന തീരുമാനങ്ങൾ കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചു. വിദേശികൾക്ക് ആശ്രിതരെ യു.കെയിലേക്ക് കൊണ്ടുവരാനുള്ള വ്യവസ്ഥകൾ കൂടുതൽ കർശനമാക്കുന്നതാണ് ഇതിലെ നിർദേശങ്ങൾ എല്ലാം.