എമിറേറ്റ്സ് റെഡ് ക്രൈസന്റും ഡെലിവറൂ കമ്പനിയുമായി സഹകരിച്ച് പുതിയൊരു സംരംഭം. അശരണര്‍ക്ക് ഓണ്‍ലൈന്‍ വഴി ഭക്ഷണകിറ്റുകൾ എത്തിക്കാം. അനാഥർ, വിധവകൾ, താഴ്ന്ന വരുമാനക്കാർ, മറ്റ് ദുർബലരായ വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവരെ സഹായിക്കുന്നതിനായി ഭക്ഷണകിറ്റുകൾ യുഎഇയിലുടനീളം വിതരണം ചെയ്യും. ആഹാരം സംഭാവന ചെയ്യാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമായാണ് ക്യാമ്പൈന്.
നിങ്ങൾക്കായി ഭക്ഷണം ഓണ്‍ലൈന്‍ വഴി ഓർഡർ ചെയ്യുമ്പോൾ താഴെത്തട്ടിലുള്ളവരേയും മറക്കരുതെന്നും നിരാലംബരും അര്‍ഹരും ആയ വ്യക്തികളെ കൂടി പരിഗണിക്കണമെന്നും ക്യാമ്പൈന് ഓര്‍മ്മിപ്പിക്കുന്നു. ഒക്ടോബർ അവസാനം വരെയാണ് ക്യാമ്പൈന്. 50 ദിർഹം മുതൽ 500 ദിർഹം വരെ വിലയുള്ള കിറ്റുകൾ ഓർഡർ ചെയ്യാന്‍ അവസരമുണ്ട്.
അരി, ഗോതമ്പ്, പാൽ, ടിന്നിലടച്ച ഭക്ഷണം എന്നിവയുൾപ്പെടെയുള്ള പ്രധാന അവശ്യവസ്തുക്കൾ ഭക്ഷണകിറ്റില്‍ ഉൾപ്പെടുമെന്ന് എമിറേറ്റ്സ് റെഡ് ക്രസൻറ് പ്രതിനിധി മുഹമ്മദ് അഹമ്മദ് അൽ യമ്മഹി വ്യക്തമാക്കി. ഡെലിവറോയുമായുള്ള സഹകരണത്തിലൂടെ ആവശ്യമുള്ളവരെ സഹായിക്കാനും പിന്തുണയ്ക്കാനും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ ക്യാമ്പൈയിന്റെ ഭാഗമായി ഒത്തുചേരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
2021ല്‍ യുകെയില്‍ ആരംഭിച്ച ഡെലിവറൂവിന്റെ ഫുൾ ലൈഫ് ക്യാമ്പൈയിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ദാനത്തിന്റേയും ദയയുടേയും മനോഭാവം പ്രോത്സാഹിപ്പിക്കുന്നതില്‍ അഭിമാനമെന്നും ഡെലിവറൂ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ അനീസ് ഹാർബും വ്യക്തമാക്കി. ഡെലിവറൂ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ അനീസ് ഹാർബും വ്യക്തമാക്കി.