ഗസ്സയിൽ സമാധാനം പുലരാനുള്ള ശ്രമങ്ങളും മാനുഷിക സഹായവും തുടർന്ന് ഖത്തർ. മാത്രമല്ല, ഇസ്രായേൽ കൂട്ടക്കുരുതിയ്ക്ക് ഇരയായ പലസ്തീനികളുടെ ചികിത്സയും അനാഥമക്കളുടെ സംരക്ഷണവും ഖത്തർ ഏറ്റെടുത്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് യുദ്ധത്തിൽ പരിക്കേറ്റ 1500 പേരെ ദോഹയിലെത്തിച്ച് മികച്ച ചികിത്സ നൽകാനും 3000ത്തോളം അനാഥമക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും നിർദേശിച്ചത്.
രണ്ടു മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് ഖത്തർ നേതൃത്വം നൽകുന്നുണ്ട്. കൂടാതെ ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്ത് ശക്തമായ ഇടപെടൽ നടത്തുന്നതിനിടെയാണ് ഗസ്സയിലേക്ക് ഖത്തറിന്റെ കരുതൽ വീണ്ടുമെത്തുന്നത്. മാത്രമല്ല പലസ്തീന്റെ അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചായിരിക്കും ചികിത്സ ഉറപ്പാക്കുക.
ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്ക് ഇരയാകുന്ന പലസ്തീനികളെ നിർണായക ഘട്ടത്തിൽ ചേർത്തുനിർത്തുക എന്നതാണ് ഖത്തറിന്റെ ഇടപെടലിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനോടകം 36 വിമാനങ്ങളിലായി 1203 ടൺ മാനുഷിക സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. അൽ അരിഷി വിമാനത്താവളത്തിൽ എത്തിച്ച ശേഷം റഫ അതിർത്തി വഴിയാണ് സഹായ വസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. കൂടാതെ, ആശുപത്രി ഉപകരണങ്ങളും ആംബുലൻസും താൽക്കാലിക താമസ സംവിധാനങ്ങളും ഉൾപ്പെടെ ഇതിനകം എത്തിച്ചിട്ടുണ്ട്.