ഖത്തറിൽ നിന്ന് മുംബൈയിലേക്കുള്ള സർവിസ് പ്രഖ്യാപിച്ച് ഇന്ത്യൻ വിമാനക്കമ്പനിയായ വിസ്താര. ഡിസംബർ 15 മുതൽ ആഴ്ചയിൽ നാലു സർവിസ് വീതം വിമാനം പറക്കുമെന്ന് വിസ്താര ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു. വിസ്താരയുടെ 50ാമത്തെ നഗരമാണ് ദോഹ. മുംബൈയിൽ നിന്ന് ആഴ്ചയിൽ നാലു തവണയാണ് ദോഹയിലേക്ക് സർവിസ് നടത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവിസുണ്ടാവുക.
മുംബൈ-ദോഹ റൗണ്ട് ട്രിപ്പിന് 30,599 രൂപ മുതലാണ് നിലവിലെ ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. മുംബൈയിൽ നിന്ന് വൈകുന്നേരം 6.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.30ന് ദോഹയിലെത്തും. ദോഹയിൽനിന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ച 4.05നാണ് മുംബൈയിലും എത്തുന്ന രീതിയിലാണ് സർവീസ്. ടിക്കറ്റ് ബുക്കിങ് വിസ്താര വെബ്സൈറ്റ് വഴി ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ എയർ ഇന്ത്യ ദിവസേന ഒന്നും ഇൻഡിഗോ രണ്ടും സർവിസുകളാണ് ദോഹ-മുംബൈ സെക്ടറിൽ നടത്തിവരുന്നത്. ഖത്തർ എയർവേസിനും നേരിട്ട് സർവിസുണ്ട്. മറ്റു നിരവധി വിദേശ എയർലൈനുകൾ കണക്ടഡ് സർവിസും ഈ റൂട്ട് വഴി നടത്തുന്നുണ്ട്.