ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശ വിജയം. ഇതോടെ അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ അത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ഓസീസ് തോൽവിയോടെ മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുന്നോട്ടുവെച്ച 160 മറികടക്കാൻ ഓസ്ട്രേലിയക്ക് കഴിഞ്ഞില്ല. മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബൗളർമാരാണ് ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ ജയിക്കുമെന്നുറച്ച മത്സരത്തെ വഴിതിരിച്ചുവിട്ടത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഓസീസി നിശ്ചിത 20 ഓവറിൽ 160/8 എന്ന നിലയിൽ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ട്രാവിസ് ഹെഡ് മികച്ച തുടക്കം നൽകിയെങ്കിലും അധികംനേരം അത് തുടരാൻ സാധിച്ചില്ല. നാല് റൺസെടുത്ത് ജോഷ് ഫിലിപ്പാണ് ആദ്യം മടങ്ങിയത്. 18 പന്തിൽ 28 റൺസടിച്ച ഹെഡ് അഞ്ചാം ഓവറിലും പത്തുപന്തിൽ ആറു റൺസെടുത്ത ആരോൺ ഹർദി ഏഴാം ഓവറിലും മടങ്ങി. ഇതിനിടെ ബെൻ മക്ദെർമോത്ത് ഒരറ്റത്ത് പിടിച്ചുനിന്നു. 36 പന്തുകൾ നേരിട്ട് 54 റൺസെടുത്ത ബെൻ മക്ദെർമോത്താണ് ഓസീസ് നിരയിലെ ടോപ് സ്കോറർ.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട ഇന്ത്യക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ആവേശം ജനിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും തുടർച്ചയുണ്ടായില്ല. 15 പന്തിൽ 21 റൺസെടുത്ത് ജയ്സ്വാൾ ആദ്യം മടങ്ങി. 12 പന്തിൽ 10 റൺസെടുത്ത് ഗെയ്ക്‌വാദും പിന്നാലെ മടങ്ങി. 33 റൺസായിരുന്നു ഇരുവരും പുറത്താകുമ്പോഴുള്ള ടീം സ്കോർ. രണ്ടക്കം കടക്കാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും റിങ്കു സിങ്ങും മടങ്ങിയതോടെ ഇന്ത്യ തകർച്ചയെ നേരിട്ടു. നാല് വിക്കറ്റ് നഷ്ടത്തിൽ 55 റൺസായിരുന്നു ഈ ഘട്ടത്തിലെ ടീം സ്കോർ.
16 പന്തുകൾ നേരിട്ട് 24 റൺസ് സമ്പാദിച്ച് ജിതേഷ് ശർമയും മടങ്ങിയപ്പോൾ ടീം സ്കോർ 97. ശ്രേയസ് അയ്യർ ഒരറ്റത്ത് ഉറച്ചുനിന്നു. ആറാം വിക്കറ്റിൽ ശ്രേയസും അക്‌സർ പട്ടേലും ചേർന്ന് 46 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ടീം സ്കോർ 143-ൽ എത്തിനിൽക്കേ അക്സറും മടങ്ങി. 21 പന്തിൽ 31 റൺസായിരുന്നു അക്‌സറിൻ്റെ സമ്പാദ്യം. നഥാൻ എല്ലിസിന് ക്യാച്ച് നൽകി ഏഴാമതായി ശ്രേയസ് അയ്യരും വീണു. ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കാൻ മൂന്നു പന്തുകൾ ബാക്കി നിൽക്കേയായിരുന്നു ഇത്. 20-ാം ഓവറിന്റെ അവസാന പന്തിൽ റണ്ണൗട്ടായി രവി ബിഷ്ണോയിയും വീണതോടെ ഇന്ത്യ എട്ടിന് 160 എന്ന സ്കോറിലൊതുങ്ങി.ഓസ്ട്രേലിയക്കുവേണ്ടി ജെയ്‌സൺ ബെഹ്റെൻഡോർഫും ബെൻ ഡ്വാർഷിസും രണ്ടുവീതം വിക്കറ്റുകൾ നേടി. ആരോൺ ഹാർഡിയും തൻവീർ സംഘയും നഥാൻ എല്ലിസും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിങ്സ് എട്ട് വിക്കറ്റിന് 154-ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇന്ത്യൻ നിരയിൽ ദീപക് ചാഹറിന് പകരമെത്തിയതായിരുന്നു അർഷ്‌ദീപ് സിങ്. അവസാന ഓവറിൽ 10 റൺസാണ് ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ ആ ഓവറിൽ വെറും മൂന്ന് റൺസാണ് വിട്ടുകൊടുത്തത്. 18-ാം ഓവറിൽ ആവേശ് ഖാൻ 15 റൺസ് വിട്ടുകൊടുത്തതോടെ അവസാന രണ്ടോവറിൽ ഓസ്ട്രേലിയക്ക് 17 റൺസ് മതിയെന്നായി. 19-ാം ഓവറിൽ മുകേഷ് കുമാർ ഏഴും അർഷ്‌ദീപ് മൂന്നും റൺസ് മാത്രം നൽകിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി രവി ബിഷ്‌ണോയും അർഷ്‌ദീപ് സിങ്ങും ഇന്ത്യക്കായി തിളങ്ങി.