സമൂഹമാധ്യമത്തിൽ വളരെ ചർച്ചകൾക്ക് വിധേയമായ നടി ലെനയുടെ പ്രസ്താവനയെ പരിഹസിച്ചവർക്കെതിരെ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവർക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ലെന്നും താരം അഭിപ്രായപ്പെട്ടു. പ്രജ്യോതി നികേതൻ കോളേജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ ചിലർക്ക് സഹിക്കില്ല. അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. കുരുവോ കിണ്ടിയോ എന്തുവേണമെങ്കിലും പൊട്ടട്ടെ, നമുക്ക് അതിലൊരു കാര്യവുമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. നല്ല മനസിൻ്റെ സൃഷ്ടി വേണം. കെട്ടുപോകാതെ മനസിന് എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. ഇവരൊന്നും മതത്തിന്റെ വക്താക്കളല്ല. ജഗ്ഗി വാസുദേവിനെപ്പോലെയൊക്കെയുള്ള അൻപത് പേരുടെ പേര് പറയാം. ഇവരെയൊക്കെ വിളിച്ച് കുട്ടികളുടെ കവചസൃഷ്ടിക്കുവേണ്ടി ഇന്ററാക്ഷൻ നടത്തണം. എല്ലാ കുഞ്ഞുങ്ങളും, ഒരാൾപോലും പാഴാവാതെ രാജ്യത്തിന്റെ വമ്പൻ സമ്പത്തായി തീരട്ടെ. ഇക്കാര്യം ഞാൻ തന്നെ ലെനയെ വിളിച്ചു പറയാം’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
‘ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിൻ്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. നാട്ടുകാർ പലതും പറയും. വട്ടാണെന്നും കിളി പോയെന്നും പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇവയൊക്കെ’ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മാനസികാരോഗ്യത്തെക്കുറിച്ചും മുജ്ജന്മത്തെക്കുറിച്ചുമെല്ലാം നടി ലെന നടത്തിയ പ്രതികരണങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വളരെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലെന പറഞ്ഞ മെഡിക്കൽ പരാമർശങ്ങൾ വിവാദമായതോടെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് സംഘടനയും നടിക്കെതിരെ രംഗത്ത് വന്നിരുന്നു.