നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന് കതാറ കൾചറൽ വില്ലേജിൽ തുടക്കമാവും. 50ലധികം കൂറ്റൻ ബലൂണുകൾ ഖത്തറിന്റെ ആകാശത്ത് വർണവിസ്മയങ്ങൾ തീർക്കും. ബലൂൺ ഫെസ്റ്റിവൽ ഖത്തർ ദേശീയദിനമായ ഡിസംബർ 18 വരെ നീളും. മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, കുട്ടികൾക്കുള്ള ഗെയിമുകൾ,പ്രത്യേക ഫാമിലി ഏരിയ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.
അതേസമയം സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് ഏരിയ, ദോഹ മെട്രോ വഴി വേഗത്തിൽ എത്താൻ കഴിയുന്ന സ്ഥലം, ദോഹ സ്കൈലൈനിന്റെ മനോഹരമായ പനോരമിക് കാഴ്ച എന്നിവയാണ് ഇത്തവണ മേളയ്ക്കായി കതാറയെ തിരഞ്ഞെടുക്കാൻ കാരണമെന്ന് ഖത്തർ ബലൂൺ ഫെസ്റ്റിവൽ സംഘാടകരായ സേഫ് ഫ്ലൈറ്റ് സൊലൂഷൻസ് സി.ഇ.ഒ ഹസൻ അൽ മൂസവി പറഞ്ഞു. ഖത്തർ ടൂറിസം സാംസ്കാരിക, സ്ട്രാറ്റജിക് പങ്കാളിയായ കതാറ നാലാമത് ബലൂൺ മേളക്ക് വേദിയാകുന്നത് സന്ദർശകർക്ക് വലിയ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി സാലിം അൽ മർരിയും അറിയിച്ചു.
കാറ്റിന്റെ ദിശയ്ക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിൽ തലേദിവസം രാത്രി തീരുമാനിക്കുന്ന ഹോട്ട് എയർ ബലൂൺ ടേക് ഓഫ് സൂര്യോദയ സമയത്താണ് നടക്കുക. 50 ഹോട്ട് എയർ ബലൂണുകൾ ഒരേസമയം പറന്നുയരുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് ടേക് ഓഫ് ലൊക്കേഷൻ അറിയുന്നതിന്വേണ്ടി ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകൾ ഇടക്കിടെ സന്ദർശിക്കാൻ കാണികളോട് സംഘാടകർ അഭ്യർത്ഥിച്ചു. കൂടാതെ പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് 1000 ഹോട്ട് എയർ ബലൂൺ റൈഡ് ടിക്കറ്റുകൾ 499 റിയാലിന് സബ്സിഡി നിരക്കിൽ സംഘാടകർ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ടിക്കറ്റുകൾക്കായി asfary.com സന്ദർശിക്കുക.