കുവൈറ്റിൽ ഫ്ലെക്സിബിൾ പ്രവൃത്തി സമയം ഈ ആഴ്ചമുതൽ നടപ്പിലാക്കി തുടങ്ങും. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗതാഗത പ്രശ്നത്തിന് പരിഹാരവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ബ്യൂറോ മേധാവി ഡോ. ഇസ്സാം സാദ് അൽ-റുബയാനാണ് ഇത് സംബന്ധമായ സർക്കുലർ പുറപ്പെടുവിച്ചു.
സർക്കുലർ പ്രകാരം ഈ ആഴ്ച മുതൽ രാവിലെ ഏഴ് മണി മുതൽ ഒമ്പത് മണിയുടെ ഇടയിലാണ് ഓഫീസുകൾ ആരംഭിക്കുക . ജീവനക്കാർക്ക് പ്രതിദിനം ഏഴു മണിക്കൂറായിരിക്കും പ്രവൃത്തി സമയം. കൂടാതെ ജോലി ആരംഭിക്കുമ്പോയും അവസാനിക്കുമ്പോയും 30 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിക്കും. മാത്രമല്ല, സ്ത്രീ ജീവനക്കാർക്ക് പുറപ്പെടുന്നതിനായി 15 മിനിറ്റ് അധിക ഗ്രേസ് പിരീഡ് അനുവദിച്ചതായും അൽ-റുബയാൻ അറിയിച്ചു.
അതേസമയം ജീവനക്കാർ പ്രവൃത്തി സമയം തിരഞ്ഞെടുത്താൽ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതി വാങ്ങിക്കണം. ഡിസംബർ 3 മുതൽ സർക്കുലർ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഞായറാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്ന തരത്തിലാണ് കുവൈറ്റിലെ പ്രവൃത്തി ദിനങ്ങൾ.