കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആർ അജിത് കുമാർ. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനിൽപ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആൺകുട്ടിയാണ് ആദ്യഘട്ടത്തിൽ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി. സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടൽ കാരണമായെന്ന് എഡിജിപി വ്യക്തമാക്കി. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് അജിത് കുമാർ പറഞ്ഞു. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്നും പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു വ്യക്തമായതെന്നും എഡിജിപി പറഞ്ഞു.
‘സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാൻ പരമാവധി കുട്ടി ശ്രമിച്ചു. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു. കുട്ടി നന്നായി പോരാടി. ആ പയ്യനാണ് ആദ്യത്തെ ഹിറോ. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെൺകുട്ടി കൃത്യമായ വിവരണം നൽകി. മൂന്നാമത്തെ ഹീറോസ് പോർട്രെയ്റ്റ് വരച്ചവരാണ്. വളരെ കൃത്യതയോടെ കുട്ടി വിവരിച്ചതും വളരെ കൃത്യതയോടെ പോർട്രെയ്റ്റ് വരയ്ക്കാൻ സാധിച്ചതും കേസ് അന്വേഷണത്തിൽ സഹായകരമായി’എഡിജിപി വിവരിച്ചു.
സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യപ്രതി പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയെന്ന് പൊലീസ് പറയുന്നു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് അനിതാകുമാരിയാണ്. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു പോന്നത് അനിതാകുമാരിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കുട്ടി സുരക്ഷിതയെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികൾ ആശ്രാമം മൈതാനം വിട്ടുപോയത്. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം വ്യക്തമായി അറിയാമായിരുന്നുവെന്നും എഡിജിപി അജിത്കുമാർ വ്യക്തമാക്കി.