കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു. സ്‌പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. ഡി.ഐ.ജി. ആർ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. പാരിപ്പള്ളിയിൽ ഓട്ടോയില്‍ എത്തിയ പ്രതികള്‍ ഏഴ് മിനിട്ട് അവിടെ ചിലവഴിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലാണ് എന്നാണ് സൂചന.
പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് ആവര്‍ത്തിച്ചു. എന്നാൽ കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേട് ഉണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടു എന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ കൊല്ലം ജില്ലക്കാര്‍ തന്നെയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ തെരഞ്ഞെടുത്ത വഴികേന്ദ്രീകരിച്ചാണ് പോലിസ് ഈ നിഗമനത്തിലേക്ക് എത്തിയത്. അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.