അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കെന്ന് റിപ്പോർട്ട്. ഇതിൽ അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ സഞ്ചരിക്കുന്നത് മുംബൈയിലേക്കാണ്. അബുദാബി വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനലായ ടെർമിനൽ എയുടെ സൗകര്യങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് അബുദാബി എയർപോർട്ട് എം.ഡി എലേന സൊർലിനി ഇക്കാര്യങ്ങൾ അറിയിച്ചത്.
അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് മുംബൈയും രണ്ടാം സ്ഥാനത്ത് ലണ്ടനുമാണ്. ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് കേരളത്തിലെ കൊച്ചിയാണ് ഇടംനേടിയിരിക്കുന്നത്. അബുദാബിയിൽ നിന്നുള്ള വിമാന ടിക്കറ്റ് വില്പനയുടെ കാര്യത്തിലും മുന്നിൽ മുംബൈയാണ്. ടിക്കറ്റ് വില്പനയുടെ കാര്യത്തിൽ കൊച്ചി അഞ്ചാം സ്ഥാനത്താണ്.
ഒക്ടോബർ മുതൽ അബുദാബി വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 49 ശതമാനം വർധിച്ചു. മണിക്കൂറിൽ 79 വിമാനങ്ങളെയും 11,000 യാത്രക്കാരെയും ഉൾകൊള്ളാൻ ശേഷിയുള്ളതാണ് അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ. വിപുലമായ ബയോമെട്രിക് ബോർഡിങ് – ചെക്ക് ഇൻ സംവിധാനങ്ങൾ, ഭക്ഷണശാലകൾ ഉൾപ്പെടെ 163 ഷോപ്പുകൾ തുടങ്ങിയവ പുതിയ ടെർമിനലിലുണ്ട്. ഈ വർഷം അവസാനത്തോടെ അബുദാബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 22 ദശലക്ഷമായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും എലേന സൊർലിനി പറഞ്ഞു.