ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യു.എഫ്.ഐ) തിരഞ്ഞെടുപ്പിനുള്ള സ്റ്റേ സുപ്രീംകോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഒരു ഹർജിയുടെ പേരിൽ തിരഞ്ഞെടുപ്പ് നടപടി മുഴുവൻ റദ്ദാക്കിയ സാഹചര്യം മനസിലാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന് അനുമതി നൽകുകയും ഫലം ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കുകയുമായിരുന്നു ഹൈക്കോടതി ചെയ്യേണ്ടിയിരുന്നതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, പങ്കജ് മിത്തൽ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന സ്റ്റേ റദ്ദാക്കിയത്.
ഓഗസ്റ്റ് 11-ന് നിശ്ചയിച്ചിരുന്ന ദേശീയ ഫെഡറേഷൻ തിരഞ്ഞെടുപ്പ് തലേദിവസമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്. ഹരിയാന അമച്വർ റെസ്ലിങ് അസോസിയേഷന് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയത് ചോദ്യം ചെയ്ത് ഹരിയാന റെസ്ലിങ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ.