ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് ഉണ്ടായിരുന്ന കരാർ 2023 ലോകകപ്പോടെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പുതിയ കരാറിൽ ദ്രാവിഡിൻ്റെ കാലാവധി സംബന്ധിച്ച പ്രത്യേക പരാമർശങ്ങൾ ബിസിസിഐ നടത്തിയിട്ടില്ല. എന്നാൽ 2024 ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് വരെയാകും അദ്ദേഹം തുടരുകയെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇന്ത്യൻ ടീമിനെ വാർത്തെടുക്കുന്നതിൽ ദ്രാവിഡിൻ്റെ പങ്ക് പ്രധാനപ്പെട്ടതാണെന്നും അത് ബോർഡ് അംഗീകരിക്കുന്നതായും അദ്ദേഹത്തിൻ്റെ അസാധാരണമായ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുന്നതായും ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
കരാർ നീട്ടിയതിന് ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും. ഡിസംബർ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഉൾപ്പെട്ടതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. നിലവിൽ ഓസ്ട്രേലിയയുമായി ട്വൻ്റി 20 പരമ്പരയിലേർപ്പെട്ട ഇന്ത്യൻ ടീമിനെ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്.