കാറിലെത്തിയ നാലംഗ സംഘം ഇന്നലെ വൈകിട്ട് തട്ടിക്കൊണ്ടുപോയ ഓയൂർ കാറ്റാടി ഓട്ടുമലയിലെ റെജിയുടെ മകൾ അബിഗേലിനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് നാട്ടുകാരാണ് കുട്ടിയെ ആദ്യം കാണുന്നത്. കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച നാട്ടുകാരോട് ഇന്നലെ രാത്രി ഒരു വീട്ടിലാണ് തങ്ങിയതെന്നും ഇന്ന് രാവിലെയാണ് കാറിൽ കയറിയതെന്നുമാണ് അബിഗേൽ വ്യക്തമാക്കിയത്.
ഇന്ന് ഉച്ചക്ക് 1.30-ഓടെ ഒരു സ്ത്രീ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്നിറക്കി പോകുകയായിരുന്നു. ഒറ്റക്കിരുന്ന കുഞ്ഞിനെ കണ്ട് നാട്ടുകാർ കാര്യം ചോദിച്ചതോടെയാണ് ഓയൂരിൽ നിന്നും കാണാതായ കുട്ടിയാണെന്ന വിവരം ലഭിച്ചത്. കണ്ടെത്തുന്ന സമയത്ത് കുഞ്ഞ് അവശനിലയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് നാട്ടുകാർ തന്നെയാണ് കുട്ടിക്ക് വെള്ളവും ബിസ്‌കറ്റും വാങ്ങി നൽകിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കുമെന്നും ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ വന്നതോടെ തട്ടിപ്പ്സംഘം കുട്ടിയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയെ കണ്ടെത്താൻ സാധിച്ചെങ്കിലും പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.