നായ പ്രേമികൾക്കായി സൗദിയിൽ ഡോഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. റിയാദ് സീസൺ ആഘോഷത്തിൻ്റെ ഭാഗമായാണ് റിയാദ് ഗ്ലോബൽ ഡോഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. നവംബർ 30, ഡിസംബർ ഒന്ന് തിയതികളിലായാണ് ഫെസ്റ്റിവൽ നടത്തപ്പെടുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ഇനത്തിൽപ്പെട്ട 250-ഓളം നായ്ക്കളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ച് നായ്ക്കൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. നായ പ്രേമികൾക്ക് ആവേശവും കൗതുകയും പകരുന്ന ഡോഗ് ഫെസ്റ്റിവൽ വരും വർഷങ്ങളിലും തുടരുമെന്നാണ് വിലയിരുത്തൽ.
റിയാദ് സീസണിന്റെ നാലാമത് പതിപ്പ് ഒക്ടോബർ 28നാണ് ആരംഭിച്ചത്. മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസണിൽ 12 വേദികളിലായി വൈവിധ്യമാർന്ന വിവിധ പരിപാടികളാണ് നടക്കുന്നത്. ബിഗ് ടൈം എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ റിയാദ് സീസൺ സംഘടിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസൺ പുതിയ അനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്.