കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം രാവിലെ തന്നെ പൂർത്തിയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്വാസംമുട്ടിയാണ് കുട്ടികൾ നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസമുണ്ടായി. മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ചയുണ്ടായി എന്ന് വിസി അറിയിച്ചിരുന്നു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദേശിച്ചു.