യുഎഇയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്നതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. ഫോൺ വിളികൾ, മെസേജുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ലിങ്കുകൾ, എസ്എംഎസ് വഴി അയയ്ക്കുന്ന വ്യാജ ഇലക്ട്രോണിക് വെബ്സൈറ്റുകൾ തുടങ്ങിയവ വഴി ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതായി അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമാനുസൃതമായ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ എന്ന പേരിൽ വ്യാജ ഓൺലൈൻ കമ്പനി പേജുകളും സമൂഹ മാധ്യമ പ്രൊഫൈലുകളും സൃഷ്ടിച്ച് തട്ടിപ്പ് സംഘം പണം തട്ടുന്നത് വർധിക്കുകയാണ്. തൊഴിലവസരങ്ങൾക്കായുള്ള ഫീസിന്റെ മറവിലും ഗവൺമെന്റ് സ്ഥാപനങ്ങളുടെ പേരിലും തട്ടിപ്പുകാർ പെരുകുന്നുണ്ട്. ജോലി അപേക്ഷകരിൽ നിന്ന് തുടക്കത്തിൽ പണം ആവശ്യപ്പെടുകയും പണം ലഭിക്കുന്നതോടെ പിന്നീട് സംഘവുമായി ബന്ധപ്പെടാൻ സാധിക്കാതെ വരുകയുമാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ വഴി ബന്ധപ്പെടുന്നവർക്ക് തങ്ങളുടെ രഹസ്യ വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ട് അല്ലെങ്കിൽ കാർഡ് വിശദാംശങ്ങൾ, ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ, എടിഎം പിൻ, സെക്യൂരിറ്റി നമ്പറുകൾ (സിസിവി), പാസ്വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങളൊന്നും അപരിചിതരുമായി പങ്കിടരുതെന്നും നിയമാനുസൃത ബാങ്ക് ജീവനക്കാർ അത്തരം വിവരങ്ങൾ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഇത്തരത്തിൽ വരുന്ന അജ്ഞാത കോളുകൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശത്തിലുണ്ട്. 8002626 എന്ന നമ്പറിൽ അമൻ സേവനവുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ 2828 എന്ന നമ്പറിലേക്ക് സന്ദേശം അയച്ചോ പൊതുജനങ്ങൾക്ക് വിവിരങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കും.