കുസാറ്റ് സംഗീതനിശയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച വിദ്യാർഥികളിൽ മൂന്നുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.സാറാ തോമസിന്റെ മൃതദേഹം കുസാറ്റിൽ പൊതുദർശനത്തിന് വച്ചു. ആൽവിൻ ജോസഫിൻറെ മൃതദേഹം പാലക്കാടേക്ക് കൊണ്ടുപോയി.പറവൂർ സ്വദേശി ആൻ റിഫ്റ്റയുടെ സംസ്കാരം ഇറ്റലിയിൽ നിന്ന് അമ്മ എത്തിയശേഷമായിരിക്കും. തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേരാണ് മരിച്ചത്.
അതേസമയം തിക്കിലും തിരക്കിലും പെട്ട് ചതഞ്ഞുപോയ സാറയുടെ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു, സാറയുടെ പിതാവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്
‘ഇന്നലെ ഏഴ് മണിക്ക് ടിവിയൽ കണ്ടാണ് അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്ബന്റ് പറഞ്ഞു. മോനെ വിളിച്ചു. ഇങ്ങനൊരു പ്രശ്നമുണ്ടായി, സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു. പിന്നീട് മകൾ എന്നോട് പറഞ്ഞു, മരിച്ചത് സാറയാണെന്ന്. മുഖം കണ്ടാലറിയാത്ത വിധമാരുന്നു. മകൾ ടെസിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലാരുന്നു. കൂടെയുള്ള കുട്ടികളാണ് സാറയെ തിരിച്ചറിഞ്ഞത്’- സാറയുടെ പിതാവിന്റെ സഹോദരി പറഞ്ഞു.
എന്നാൽ ആൻ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്‌കാരം. മകൾക്ക് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താനായിട്ടാണ് അമ്മ സിന്ധു ഇറ്റലിയിലേക്ക് വിസിറ്റിങ് വിസയിൽ പോയത്. പറവൂർ സ്വദേശിനിയായ ആൻ റുഫ്ത അച്ഛനൊപ്പം ചവിട്ടു നാടകവേദിയിലെ മിന്നും താരം കൂടിയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.